കണ്ണുകൾ ദാനം ചെയ്യാം, മറ്റൊരാള്‍ കാഴ്ച സമ്മാനിക്കാം

മനുഷ്യന് ഏറ്റവും വിലപ്പെട്ടതാണ് കണ്ണുകൾ. മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിലൂടെ കാഴ്ച വൈകല്യമുള്ള രണ്ട് പേർക്ക് കാഴ്ച സമ്മാനിക്കാന്‍ നമുക്കാകും

  • ഏതൊരു വ്യക്തിക്കും നേത്രദാതാവാകാം. കാഴ്ചക്കുറവോ പ്രായമോ, മതമോ, ജാതിയോ, നിറമോ ഒന്നും തടസ്സമല്ല.
  • 18 വയസ്സില്‍ താഴെയുള്ള വ്യക്തികളുടെ നേത്രങ്ങള്‍ ദാനംചെയ്യാന്‍ അവരുടെ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ അംഗീകാരം ഉണ്ടായിരിക്കണം.
  • എല്ലാ പ്രധാന മതവിശ്വാസങ്ങളും നേത്രദാനത്തിന് അംഗീകാരവും പിന്തുണയും നൽകുന്നുണ്ട്.
  • നേത്രസ്വീകരണ ശസ്ത്രക്രിയ തികച്ചും സൗജന്യമാണ്.
  • ദാനംചെയ്യുന്ന കണ്ണുകളിലെ കോര്‍ണിയ ടിഷ്യു, കോർണിയ രോഗം മൂലം അന്ധത ബാധിച്ച ഒരു വ്യക്തിയുടെ കണ്ണിലേക്ക് ശാസ്ത്രീയപ്രക്രിയകള്‍ക്കുശേഷം മാറ്റിവയ്ക്കുകയാണ് നേത്രദാനത്തിലൂടെ ചെയ്യുന്നത്.
  • കണ്ണുകളെപ്പറ്റി പഠിക്കാനും കണ്ണുകള്‍ ആവശ്യമാണ്. സാങ്കേതിക കാരണങ്ങളാൽ കോര്‍ണിയ മാറ്റിവയ്ക്കലിന് ഉപയോഗിക്കാനാകാത്തവയും കോര്‍ണിയ നീക്കം ചെയ്തവയും ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
  • ദാനം ചെയ്ത കണ്ണുകൾ നീക്കം ചെയ്യുന്നത് മുഖത്തിന് രൂപഭേദം വരുത്തുകയോ ആചാരപരമായ ശവസംസ്കാര ക്രമീകരണങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ല.
  • നേത്രദാനതാല്‍പര്യം വിൽപ്പത്രത്തിൽ സൂചിപ്പിക്കാമെങ്കിലും, നിങ്ങള്‍ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ ഡോണർ കാർഡ് നേത്രദാനത്തിന് ധാരാളമാണ്. ഈ കാർഡ് എല്ലായ്‌പ്പോഴും നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കണമെന്നുമാത്രം. നിങ്ങളുടെ അടുത്ത ബന്ധുക്കളോടും കുടുംബഡോക്ടറോടും അടുത്ത ബന്ധുക്കളോടും നേത്രദാന സന്നദ്ധത നേരത്തേതന്നെ പറഞ്ഞിരിക്കണം.
  • മരണപ്പെട്ടയാൾ ജീവിച്ചിരുന്ന കാലത്ത് നേത്രദാന സമ്മതപത്രം ഒപ്പുവച്ചിട്ടില്ലെങ്കിലും മരണപ്പെട്ടയാളുടെ കണ്ണുകൾ ദാനം ചെയ്യാന്‍ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ തീരുമാനമെടുക്കാവുന്നതാണ്.
  • നേത്രദാനത്തിന് താല്‍പര്യമുള്ള മറ്റുള്ളവരെക്കൂടി ഞങ്ങള്‍ക്ക് പരിചയപ്പെടുത്തുക. ആവശ്യമായ സഹായങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതില്‍ ഞങ്ങൾക്ക് സന്തോഷമേയുള്ളു.
  • ഇന്ത്യയിലെ ഏത് നേത്ര ബാങ്കിലേക്കും കണ്ണുകൾ ദാനം ചെയ്യാം. എന്നാൽ കാലതാമസം ഒഴിവാക്കാൻ അടുത്തുള്ള നേത്ര ബാങ്കാണ് നല്ലത്.
  • നേത്രദാന സമ്മതപത്രം നല്‍കുന്നത് നേത്രദാനം നിയമപരമായി നിര്‍ബന്ധിക്കുന്നില്ല. അത് എപ്പോൾ വേണമെങ്കിലും നിങ്ങള്‍ക്ക് വേണ്ടെന്നുവയ്ക്കാം.
  • നിലവിൽ, അന്ധതാനിവാരണത്തിനും ഗവേഷണത്തിനും ആവശ്യത്തിന് കണ്ണുകള്‍ ലഭ്യമല്ല.
  • ദാനം ചെയ്ത കണ്ണുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് മെഡിക്കൽ നൈതികതയ്ക്ക് വിരുദ്ധമാണ്.

നേത്രദാനം സാധ്യമായവര്‍:

  • പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ, ക്ഷയം തുടങ്ങിയ രോഗങ്ങളൊന്നും നേത്രദാനത്തിന് തടസ്സമല്ല.
  • തിമിരം, ഗ്ലോക്കോമ എന്നിവയ്‌ക്ക് ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായ വ്യക്തികൾക്കും കണ്ണട ഉപയോഗിക്കുന്നവർക്കും അവരുടെ കണ്ണുകൾ ദാനം ചെയ്യാം.

നേത്രദാനം സാധ്യമാകാത്തവര്‍:

        ഇനിപ്പറയുന്ന രോഗങ്ങൾ മൂലം മരണം സംഭവിച്ചവര്‍:‌

  • എയ്ഡ്സ് / ഹെപ്പറ്റൈറ്റിസ് ബി, സെപ്റ്റിസീമിയ / സെപ്സിസ് അഥവാ വൈറൽ അണുബാധ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുകയും സുപ്രധാന അവയവങ്ങളെ ബാധിക്കുകയും ചെയ്ത്.
  • രക്താർബുദം
  • പേവിഷബാധ.
  • തലയിലേക്കും കഴുത്തിലേക്കും രക്തക്കുഴലുകളിലൂടെ രോഗകാരിയായ സൂക്ഷ്മാണുക്കൾ/കാൻസർ കോശങ്ങൾ പകരുന്നതുമൂലമുള്ള അര്‍ബുദം.
  • എൻസെഫലൈറ്റിസ്: തലച്ചോറിന്റെ വീക്കം
  • ബ്രെയിൻ ഡി/എസ്, ക്രീറ്റ്സ്ഫെൽഡ് ജേക്കബ് ഡി/എസ് തുടങ്ങിയ മസ്തിഷ്ക അവസ്ഥകൾ
  • ഹോഡ്ജ്കിൻസ് ലിംഫോമ: ശരീരത്തിലെ ലിംഫ് സിസ്റ്റത്തിലെ കോശങ്ങളിലെ കാൻസർ വളർച്ച.

നേത്രദാനം എങ്ങനെ:

  • അടുത്തുള്ള നേത്ര ബാങ്കിൽ എത്തി നേത്രദാന സമ്മതപത്രം നല്‍കാം. ഇതിനായി, ഒരു ഫോം പൂരിപ്പിച്ച് ഒരു സാക്ഷിയുടെ (ബന്ധുവോ സുഹൃത്തോ ആകാം) ഒപ്പോടുകൂടി നേത്രബാങ്കിൽ നൽകുക.
  • ആ വ്യക്തിയുടെ മരണശേഷം അവരുടെ ബന്ധുവിനോ സുഹൃത്തിനോ സാക്ഷിക്കോ അല്ലെങ്കിൽ മരണപ്പെട്ടയാൾ കണ്ണുകൾ ദാനം ചെയ്യാൻ ഉദ്ദേശിക്കുന്നതായി അറിവുള്ള മറ്റേതെങ്കിലും കുടുംബാംഗങ്ങൾക്കോ അടുത്തുള്ള നേത്രബാങ്കിൽ ബന്ധപ്പെടാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ഒരാളുടെ മരണം നടന്ന് ഉടന്‍ നേത്ര ബാങ്കില്‍ ബന്ധപ്പെടണം. മരണം കഴിഞ്ഞ് 4 മുതല്‍ 6 വരെ മണിക്കൂറിനുള്ളിൽ കണ്ണുകൾ ഏറ്റെടുക്കേണ്ടതുണ്ട്. കോര്‍ണിയ ടിഷ്യു 3 ദിവസത്തിനുള്ളിൽ മറ്റൊരാളില്‍ വച്ചുപിടിപ്പിക്കേണ്ടതുമുണ്ട്.
  • മൃതശരീരം സൂക്ഷിക്കുന്ന മുറിയില്‍ സാധ്യമെങ്കില്‍ ഫാനുകൾ ഓഫാക്കി എസി ഓണ്‍ ചെയ്യുക.
  • മൃതദേഹത്തിന്റെ കണ്‍പോളകൾ മൃദുവായി അടച്ച് ഒരു നനഞ്ഞ തുണിയോ പഞ്ഞിക്കഷണമോ കണ്ണുകൾക്ക് മുകളിൽ വയ്ക്കുക.
  • മരിച്ച വ്യക്തിയുടെ തല ഒരു തലയിണയിൽ വയ്ക്കുക.
  • ഡോക്ടർ ഒപ്പിട്ട മരണസർട്ടിഫിക്കറ്റ് തയ്യാറാക്കി സൂക്ഷിക്കുക
ശ്രീനേത്ര ഐകെയര്‍, തിരുവനന്തപുരം: കണ്ണുകൾ ദാനം ചെയ്യാം, മറ്റൊരാള്‍ കാഴ്ച സമ്മാനിക്കാം